ഇസ്ലാമോഫോബിയ വിഷയത്തിൽ ഫാറൂഖ് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.

നിരീശ്വരവാദം പ്രചരിപ്പിച്ചതിന്റെ പേരിൽ 2017 മാർച്ച് പതിനാറിന് കോയമ്പത്തുരിൽ ഇസ്ലാമിക തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ട ഫാറൂഖിന്റെ അനുസ്മരണവും, ഇസ്ലാമോഫോബിയയുടെ മിഥ്യയും യാഥാർഥ്യവും എന്ന പ്രഭാഷണവും നോൺ റിലീജിയസ് സിറ്റിസൺസ് (NRC)  സംഘടനയുടെ നേതൃത്വത്തിൽ  പത്തടിപ്പാലം PWD റസ്റ്റ് ഹൌസ് ഹാളിൽ വെച്ച് നടന്നു. ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും അത്  ചെയ്യുന്നവരെ ഇസ്ലാമോഫോബിയ പടർത്തുന്നു എന്നും പറഞ്ഞു നിശ്ശബ്ദരാക്കുന്ന സമീപനത്തെയും തദവസരത്തിൽ തുറന്നു ചർച്ചചെയ്തു. യുഎൻ അസംബ്ലിയെകൊണ്ട് ഇസ്ലാമോഫോബിയ വിരുദ്ധദിനം പ്രഖ്യാപിക്കാൻ മുൻകൈയെടുത്ത പാകിസ്ഥാൻ തന്നെ ആണ് ഇസ്ലാം ഉപയോഗിച്ചുകൊണ്ട് മതമൗലിക വാദത്തിനും, നിർബന്ധിത മതപരിവർത്തനത്തിനും, മതനിന്ദാവധശിക്ഷകൾ നടപ്പിലാക്കുന്നതിനും, മതന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനും മുന്നിൽ നില്കുന്നത് എന്നും ചടങ്ങിൽ നിരീക്ഷിക്കപ്പെട്ടു.

ഇന്ത്യയിലും വിദേശത്തും ഒരുപോലെ വർധിച്ചു വരുന്ന മുസ്ലിം വിരുദ്ധതയിൽ ആശങ്ക പങ്കുവെച്ച ചടങ്ങിൽ, അതിനൊരു പോംവഴിയായി ഇസ്ലാമോഫോബിയയും മുസ്‌ലിമോഫോബിയയും രണ്ടായി കാണുവാനും, ഇസ്ലാമിനെ ആണ് ഭയക്കേണ്ടത്,  മുസ്ലിങ്ങളെ അല്ല ഭയക്കേണ്ടത് എന്നും, മുസ്ലിങ്ങൾ ഇസ്ലാമിന്റെ ആദ്യത്തെ ഇരകൾ ആണ് എന്ന ബോധം ആണ് സമൂഹത്തിൽ ഇനി പടർത്തേണ്ടത് എന്നും അഭിപ്രായപ്പെട്ടു.

കേരളാ യുക്തിവാദ സംഘം ജനറൽ സെക്രട്ടറി ടി. കെ. ശക്തീധരൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. NRC പ്രസിഡന്റ് ആരിഫ് ഹുസൈൻ തെരുവത്ത് അധ്യക്ഷം വഹിച്ചു. മുഖ്യപ്രഭാഷണം കേരള എക്സ്മുസ്ലിം പ്രസിഡണ്ട് ലിയാക്കത്തലി നിർവഹിച്ചു.NRC സെക്രട്ടറി അഡ്വ.ദിലീപ് ഇസ്മായിൽ, സഫിയ പി. എം., മനോജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

One comment

Leave a Reply

Your email address will not be published. Required fields are marked *